വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്
പാലക്കാട്: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയാക്കി വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി ബസുടമകള്‍ സമരത്തിലേക്ക്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പുതിയ അധ്യയന വര്‍ഷത്തില്‍ തന്നെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായിട്ടുണ്ടെന്നും, നിലവിലെ നിരക്കില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിലനിര്‍ത്താനാകില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. ബസ് നിരക്ക് പരിഷ്‌കരിക്കാനുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്ക് മേല്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. ജൂണ്‍ മാസത്തില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തപക്ഷം സമരവുമായി മുന്നോട്ടു പോകുമെന്ന് ബസുടമകളുടെ സംഘടന മുന്നറിയിപ്പ് നല്‍കി. സമരത്തിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.